പ്രവാസിയുടെ പെണ്ണുകാണല്‍


"ഹലോ ഉമ്മാ, സുഖാണോ ഉമ്മാ?"

"ഇനിക്ക് സുഖാണ് മോനെ, അനക്കോ"

"ഇനിക്കും സുഖാണുമ്മ, ങ്ങളെ കാലിന്റെ വേദനയൊക്കെ മാറിയോ?"

"കുറവുണ്ട്, ഡോക്ടറെ കാണിച്ചീനു, കൊറേ മരുന്ന് കുടിക്കാന്‍ തന്ന്ക്ക്"

"അതൊക്കെ നേരത്തിനും കാലത്തിനും കുടിച്ചോളി, ഇനി വേദന കൂടണ്ട"

"മ്, ആ പിന്നേ"

"എന്താ ഉമ്മാ?"

"ഞാനിന്നലെ ആശുപത്രീൽ വെച്ച് ഒരു കുട്ടീനെ കണ്ടീനു, ഓളൊപ്പരം ഇള്ള പെണ്ണുങ്ങളോട് ഓളെ പൊരയും ഫോൺനമ്പറുമൊക്കെ ചോയ്ച്ചറിഞ്ഞു, ഞമ്മക്കൊന്നാലോയ്ച്ചാലോ?"

"ഉമ്മാ, ഇപ്പൊ എന്താ തെരക്ക്, കൊറച്ചൂടി കയ്യട്ടെ.."

"ഇനിയെപ്പളാ, മൂക്കില് പല്ല് വന്നിട്ടോ, അനക്കിപ്പം എത്ര ബയസായീന്ന് ബല്ല നിശ്ചയം ഉണ്ടോ?"

"അതല്ലമ്മ, എന്നാലും "

"അനക്ക് 27 ബയസായി, ഇനിയെപ്പളാ?,
ഇയ്യെന്നാ നാട്ടിക്ക് വരുന്നത്?"

"രണ്ട് മാസം കഴിഞ്ഞിട്ട്"

"മ്, ഏതായാലും അപ്പളേക്ക് ഞാൻ ഓലെ വിളിച്ച് സംസാരിക്കട്ടെ"

"അയ്ക്കോട്ടെ, ന്നാ ഞാൻ വെക്കാ, പിന്നെ വിളിക്കാം"

"ശെരി"

ഉമ്മയുടെ ഫോൺ വിളി കഴിഞ്ഞത് മുതല്‍ ഞാൻ സ്വപ്നലോകത്തായിരുന്നു.., പ്രവാസം തുടങ്ങിയിട്ട് മൂന്ന് വർഷം പിന്നിടുന്നു, അതിനിടയില്‍ ഒരു തവണ നാട്ടിൽ പോയി വന്നു.. അന്നേ ഉമ്മ പറയുന്നുണ്ട് കല്ല്യാണം നോക്കാൻ.. കടങ്ങള്‍ വീട്ടിയിട്ട് മതിയെന്ന് പറഞ്ഞ് ഞാന്‍ നിർത്തിയതാണ്..

ഉപ്പ മരിച്ചതിനുശേഷം കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് എങ്ങനെയൊക്കെയോ പെങ്ങളെ നാട്ടുകാരുടെ സഹായത്തോടെ കെട്ടിച്ചയച്ചു, നാട്ടുകാര്‍ സഹായിച്ചെങ്കിലും ഒരുപാട് കടം വന്നു,  അങ്ങനെയാണ് കുറെയാളുകളുടെ കാലും കൈയ്യും പിടിച്ച് ഗൾഫിലേക്കൊരു വിസ ഒപ്പിച്ചതും ഇവിടെയെത്തിയതും.. ആറു മാസം മുമ്പ് കടങ്ങളെല്ലാം വീട്ടി..

വീട് ഒന്ന് പുതുക്കി പണിയിക്കണം അതിന് ശേഷം കല്ല്യാണത്തെകുറിച്ച് ചിന്തിക്കാമെന്ന് കരുതിയതാണ്...

അതിനിടയിലാണ് ഉമ്മ വീണ്ടും കല്ല്യാണക്കാര്യം പറയുന്നത്, അതിനും കാരണം ഉണ്ട്, ഉമ്മാക്ക് പ്രായമായി പെങ്ങളെ കെട്ടിച്ചയച്ചത് മുതല്‍ വീട്ടില്‍ എല്ലാ കാര്യങ്ങള്‍ക്കും ഓടി നടക്കുന്നത് ഉമ്മയാണ്, കുറച്ച് കാലമായി കാലിന് വല്ലാത്ത നീരും വേദനയുമാണ്...


ഏതായാലും ഉമ്മാക്കൊരു സഹായം ആയക്കോട്ടെ എന്ന് കരുതി ഞാനും കല്ല്യാണത്തിന് സമ്മതിച്ചു..

ഉമ്മ ആലോചനകൾ നോക്കി തുടങ്ങി, അങ്ങനെയാണ് ഇന്ന് വിളിച്ചപ്പോള്‍ ഒരു കുട്ടിയുടെ കാര്യം പറഞ്ഞത്..


ഓർമ്മകൾ കാട് കയറി എപ്പോഴാണ് ഉറങ്ങിയതെന്നറിയില്ല, എണീറ്റപ്പോൾ മണി രാവിലെ 5മണി.. വേഗം എണീറ്റ് കുളിയൊക്കെ കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് റൂമിൽ നിന്നും കുറച്ച് ദൂരെയുള്ള ഒരു സ്ഥലത്താണ് ജോലി, കെട്ടിടം പണിക്കാരനായിട്ടാണ് വന്നത്, ഇപ്പോൾ സൂപ്പര്‍വൈസർ ആയിട്ട് ഒരു വർഷം ആവുന്നു...

ജോലി സ്ഥലത്ത് നിന്ന് മാനേജറെ കണ്ടു...


"സർ എനിക്കൊന്ന് നാട്ടില്‍ പോവണം"

"എന്തെങ്കിലും അത്യാവശ്യം"

"കല്ല്യാണം നോക്കുന്നുണ്ട്, ചെല്ലാന്‍ പറഞ്ഞ് ഉമ്മ വിളിച്ചിരുന്നു"

"കൺഗ്രാറ്റ്സ്, നല്ല കാര്യം. അടുത്ത മാസം പോവാനുള്ള കാര്യങ്ങള്‍ നോക്കിക്കോളൂ"

"താങ്ക്യൂ സർ"

റൂമിലെത്തിയപാടെ ഉമ്മാനെ വിളിച്ചു.

"ഉമ്മാ,  അടുത്തമാസം രണ്ടാം തിയ്യതി ഞാൻ നാട്ടില്‍ എത്തും"

"അൽഹംദുലില്ലാ, ലീവ് ശെര്യായോ?"

"മ് ശെരിയായി"

"കുഞ്ഞോനെ, ഇയ്യൊന്ന് കുഞ്ഞോളെ വിളിച്ച് പറഞ്ഞാള, അറിഞ്ഞീലാന്ന് പറയണ്ട"

"ശെരി ഉമ്മാ, എന്നാ ഞാൻ ഓളെ വിളിക്കട്ടെ, വെക്കാണേ"

"മ്, അയ്ക്കോട്ടെ"

കുഞ്ഞോളെ വിളിച്ച് വരുന്ന ദിവസവും ഫ്ലൈറ്റും ഒക്കെ പറഞ്ഞ് കൊടുത്ത് ഉമ്മാനെ കൂട്ടി എയർപോർട്ടിലേക്ക് വരാനും പറഞ്ഞു,

ഇനി ദിവസങ്ങള്‍ എണ്ണി കാത്തിരിക്കണം, നാട്ടിലെ പച്ചപ്പും കൂട്ടുകാരൊത്തുള്ള വൈകുന്നേര സല്ലാപങ്ങളുമനസിലേക്കോടിയെത്തി..

ആ ദിവസം വന്നെത്തി, ഒന്നാം തിയ്യതി വൈകിട്ടാണ് ഫ്ലൈറ്റ് , പെട്ടിയൊക്കെ റെഡിയാക്കി എയർപോർട്ടിലേക്ക്...


രാവിലെ നാട്ടിലെ എയർപോർട്ടിൽ ഫ്ലൈറ്റ് ഇറങ്ങി എമിഗ്രേഷനെല്ലാം കഴിഞ്ഞ് പുറത്തേക്കോടുകയായിരുന്നു, ഉമ്മാനെ കാണാനുള്ള സന്തോഷത്തിൽ...

ഓടിച്ചെന്ന് ഉമ്മാനെ കെട്ടിപ്പിടിച്ചു,  സന്തോഷം കൊണ്ട് രണ്ട് പേരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു.

വീട്ടിലെത്തി,  രണ്ട് ദിവസത്തിന് ശേഷം പെണ്ണുകാണല്‍...


ഞാനും ഉമ്മയും പെങ്ങളും അളിയനും പെങ്ങളെ കുട്ടിയും കുടിയാണ് പോയത്..


ഞങ്ങൾ അവിടെ എത്തിയപ്പോള്‍ ഉമ്മറത്ത് അവളുടെ ഉപ്പയും ആങ്ങളയും ഞങ്ങളെ സ്വീകരിക്കാന്‍ നിൽക്കുകയായിരുന്നു. .

"വരൂ, കയറിയിരിക്ക്"
പെണ്ണിന്‍റെ ഉപ്പ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു..

ഞങ്ങൾ അകത്ത് കയറിയിരുന്നു...

"ങ്ങളെന്താണ് ചെയ്യുന്നത്" പെണ്ണിന്റെ ഉപ്പയാണ്.

"ഞാൻ ദുബൈയിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർവൈസർ ആണ്"

"കുറേ ലീവുണ്ടോ"

"ആറ് മാസം"

"പെണ്ണിനെ കണ്ടില്ലല്ലോ" അളിയന്റെ വകയാണ് ചോദ്യം.

"വിളിക്കാം" എന്ന് പറഞ്ഞ് ആങ്ങള അകത്തേക്ക് പോയി.


ഒരു സോസറിൽ ചായയുമായി നാണം കുണുങ്ങി പെണ്ണ് മന്ദം മന്ദം നടന്നു വന്നു, ശേഷം സോസർ എന്റെ നേരെ നീട്ടി ഞാൻ ഒരു കപ്പ് ഗ്ലാസ് ചായയെടുത്ത് അവളുടെ മുഖത്തേക്ക് ഒന്നു നോക്കി,
നാണത്തോടെ അവളും ഒന്ന് എന്നെ നോക്കി... ആ സോസർ ടേബിളിൽ വെച്ച് അവൾ അകത്തേക്ക് പോയി...

വാതിലിന്റെ മറവിലൂടെ എന്നെ നോക്കികൊണ്ട് നിന്നു..

"പെണ്ണിനും ചെക്കനും എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ആവാം," പെണ്ണിന്‍റെ ഉപ്പ അകത്തെ മുറിയിലേക്ക് നോക്കി പറഞ്ഞു...

"അയ്ക്കോട്ടെ" എന്ന് പറഞ്ഞു അളിയൻ എന്നെ നോക്കി...

"ചെല്ലെടാ" കുഞ്ഞോള് കൈകൊണ്ട് ആംഗ്യം കാണിച്ചു.

ഞാൻ എണീറ്റ് അകത്തേക്ക് ചെന്നു...
ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയാണ് സൽമ..


മൌനത്തെ കീറി മുറിച്ചുകൊണ്ട് ഞാൻ ആരംഭിച്ചു.

"എന്താ പേര്?"

"സൽമ"

"എത്രവരെ പഠിച്ചു"

"പത്താം ക്ലാസ് വരെ"

"എന്നെ ഇഷ്ടമായോ?"

"മ്"

"എന്നോട് എന്തെങ്കിലും ചൊദിക്കാനുണ്ടോ?"

"ങ്ങക്ക് ന്നെ ഇഷ്ടപ്പെട്ടോ"

"പെരുത്തിഷ്ടായി"

"എന്നാ ഞാന്‍ പോവട്ടെ"


അവളോടും അവളുടെ വീട്ടുകാരോടും യാത്ര പറഞ്ഞ് ഞങ്ങളിറങ്ങി.

വരുന്ന വഴിക്ക് വണ്ടിയില്‍ വെച്ച് അളിയൻ
"അനക്ക് കുട്ടിനെ ഇഷ്ടപ്പെട്ടോ കുഞ്ഞോനെ"

"ഇനിക്കിഷ്ടായി, ങ്ങക്കൊക്കെ?"

"ഞങ്ങക്കൊക്കെ പെരുത്തിഷ്ടായി" മൂന്നാളും കൂടിയാണ് മറുപടി പറഞ്ഞത്.

അവരുടെ വീട്ടുകാരെ വിളിച്ച് കാര്യങ്ങള്‍ സംസാരിച്ചു,  അവർക്കും ഇഷ്ടപ്പെട്ടു.

അങ്ങനെ ഞാനും കണ്ടെത്തി എന്റെ ഹൂറിയെ...

ഇനി കല്ല്യാണത്തിനുള്ള ഒരുക്കങ്ങള്‍..



അത് പിന്നീടെഴുതാം...

രചന: അബ്ദുൽ സഹദ്.കെ

No comments:

Post a Comment

Featured post

എന്‍റെ ബീവി

കോലായിലിരുന്ന് പുറത്തേക്ക് നോക്കിയിരിക്കുമ്പോഴാണ് നമ്മുടെ കുഞ്ഞിപ്പാത്തു പുറകില്‍ വന്നു പുറത്തു ഒരൊറ്റ അടി.. ഉപ്പാ ഇന്നല്ലേ ഇങ്ങള് ഉമ്മാന...