പ്രവാസിയുടെ പെണ്ണുകാണല്‍


"ഹലോ ഉമ്മാ, സുഖാണോ ഉമ്മാ?"

"ഇനിക്ക് സുഖാണ് മോനെ, അനക്കോ"

"ഇനിക്കും സുഖാണുമ്മ, ങ്ങളെ കാലിന്റെ വേദനയൊക്കെ മാറിയോ?"

"കുറവുണ്ട്, ഡോക്ടറെ കാണിച്ചീനു, കൊറേ മരുന്ന് കുടിക്കാന്‍ തന്ന്ക്ക്"

"അതൊക്കെ നേരത്തിനും കാലത്തിനും കുടിച്ചോളി, ഇനി വേദന കൂടണ്ട"

"മ്, ആ പിന്നേ"

"എന്താ ഉമ്മാ?"

"ഞാനിന്നലെ ആശുപത്രീൽ വെച്ച് ഒരു കുട്ടീനെ കണ്ടീനു, ഓളൊപ്പരം ഇള്ള പെണ്ണുങ്ങളോട് ഓളെ പൊരയും ഫോൺനമ്പറുമൊക്കെ ചോയ്ച്ചറിഞ്ഞു, ഞമ്മക്കൊന്നാലോയ്ച്ചാലോ?"

"ഉമ്മാ, ഇപ്പൊ എന്താ തെരക്ക്, കൊറച്ചൂടി കയ്യട്ടെ.."

"ഇനിയെപ്പളാ, മൂക്കില് പല്ല് വന്നിട്ടോ, അനക്കിപ്പം എത്ര ബയസായീന്ന് ബല്ല നിശ്ചയം ഉണ്ടോ?"

"അതല്ലമ്മ, എന്നാലും "

"അനക്ക് 27 ബയസായി, ഇനിയെപ്പളാ?,
ഇയ്യെന്നാ നാട്ടിക്ക് വരുന്നത്?"

"രണ്ട് മാസം കഴിഞ്ഞിട്ട്"

"മ്, ഏതായാലും അപ്പളേക്ക് ഞാൻ ഓലെ വിളിച്ച് സംസാരിക്കട്ടെ"

"അയ്ക്കോട്ടെ, ന്നാ ഞാൻ വെക്കാ, പിന്നെ വിളിക്കാം"

"ശെരി"

ഉമ്മയുടെ ഫോൺ വിളി കഴിഞ്ഞത് മുതല്‍ ഞാൻ സ്വപ്നലോകത്തായിരുന്നു.., പ്രവാസം തുടങ്ങിയിട്ട് മൂന്ന് വർഷം പിന്നിടുന്നു, അതിനിടയില്‍ ഒരു തവണ നാട്ടിൽ പോയി വന്നു.. അന്നേ ഉമ്മ പറയുന്നുണ്ട് കല്ല്യാണം നോക്കാൻ.. കടങ്ങള്‍ വീട്ടിയിട്ട് മതിയെന്ന് പറഞ്ഞ് ഞാന്‍ നിർത്തിയതാണ്..

ഉപ്പ മരിച്ചതിനുശേഷം കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് എങ്ങനെയൊക്കെയോ പെങ്ങളെ നാട്ടുകാരുടെ സഹായത്തോടെ കെട്ടിച്ചയച്ചു, നാട്ടുകാര്‍ സഹായിച്ചെങ്കിലും ഒരുപാട് കടം വന്നു,  അങ്ങനെയാണ് കുറെയാളുകളുടെ കാലും കൈയ്യും പിടിച്ച് ഗൾഫിലേക്കൊരു വിസ ഒപ്പിച്ചതും ഇവിടെയെത്തിയതും.. ആറു മാസം മുമ്പ് കടങ്ങളെല്ലാം വീട്ടി..

വീട് ഒന്ന് പുതുക്കി പണിയിക്കണം അതിന് ശേഷം കല്ല്യാണത്തെകുറിച്ച് ചിന്തിക്കാമെന്ന് കരുതിയതാണ്...

അതിനിടയിലാണ് ഉമ്മ വീണ്ടും കല്ല്യാണക്കാര്യം പറയുന്നത്, അതിനും കാരണം ഉണ്ട്, ഉമ്മാക്ക് പ്രായമായി പെങ്ങളെ കെട്ടിച്ചയച്ചത് മുതല്‍ വീട്ടില്‍ എല്ലാ കാര്യങ്ങള്‍ക്കും ഓടി നടക്കുന്നത് ഉമ്മയാണ്, കുറച്ച് കാലമായി കാലിന് വല്ലാത്ത നീരും വേദനയുമാണ്...


ഏതായാലും ഉമ്മാക്കൊരു സഹായം ആയക്കോട്ടെ എന്ന് കരുതി ഞാനും കല്ല്യാണത്തിന് സമ്മതിച്ചു..

ഉമ്മ ആലോചനകൾ നോക്കി തുടങ്ങി, അങ്ങനെയാണ് ഇന്ന് വിളിച്ചപ്പോള്‍ ഒരു കുട്ടിയുടെ കാര്യം പറഞ്ഞത്..


ഓർമ്മകൾ കാട് കയറി എപ്പോഴാണ് ഉറങ്ങിയതെന്നറിയില്ല, എണീറ്റപ്പോൾ മണി രാവിലെ 5മണി.. വേഗം എണീറ്റ് കുളിയൊക്കെ കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് റൂമിൽ നിന്നും കുറച്ച് ദൂരെയുള്ള ഒരു സ്ഥലത്താണ് ജോലി, കെട്ടിടം പണിക്കാരനായിട്ടാണ് വന്നത്, ഇപ്പോൾ സൂപ്പര്‍വൈസർ ആയിട്ട് ഒരു വർഷം ആവുന്നു...

ജോലി സ്ഥലത്ത് നിന്ന് മാനേജറെ കണ്ടു...


"സർ എനിക്കൊന്ന് നാട്ടില്‍ പോവണം"

"എന്തെങ്കിലും അത്യാവശ്യം"

"കല്ല്യാണം നോക്കുന്നുണ്ട്, ചെല്ലാന്‍ പറഞ്ഞ് ഉമ്മ വിളിച്ചിരുന്നു"

"കൺഗ്രാറ്റ്സ്, നല്ല കാര്യം. അടുത്ത മാസം പോവാനുള്ള കാര്യങ്ങള്‍ നോക്കിക്കോളൂ"

"താങ്ക്യൂ സർ"

റൂമിലെത്തിയപാടെ ഉമ്മാനെ വിളിച്ചു.

"ഉമ്മാ,  അടുത്തമാസം രണ്ടാം തിയ്യതി ഞാൻ നാട്ടില്‍ എത്തും"

"അൽഹംദുലില്ലാ, ലീവ് ശെര്യായോ?"

"മ് ശെരിയായി"

"കുഞ്ഞോനെ, ഇയ്യൊന്ന് കുഞ്ഞോളെ വിളിച്ച് പറഞ്ഞാള, അറിഞ്ഞീലാന്ന് പറയണ്ട"

"ശെരി ഉമ്മാ, എന്നാ ഞാൻ ഓളെ വിളിക്കട്ടെ, വെക്കാണേ"

"മ്, അയ്ക്കോട്ടെ"

കുഞ്ഞോളെ വിളിച്ച് വരുന്ന ദിവസവും ഫ്ലൈറ്റും ഒക്കെ പറഞ്ഞ് കൊടുത്ത് ഉമ്മാനെ കൂട്ടി എയർപോർട്ടിലേക്ക് വരാനും പറഞ്ഞു,

ഇനി ദിവസങ്ങള്‍ എണ്ണി കാത്തിരിക്കണം, നാട്ടിലെ പച്ചപ്പും കൂട്ടുകാരൊത്തുള്ള വൈകുന്നേര സല്ലാപങ്ങളുമനസിലേക്കോടിയെത്തി..

ആ ദിവസം വന്നെത്തി, ഒന്നാം തിയ്യതി വൈകിട്ടാണ് ഫ്ലൈറ്റ് , പെട്ടിയൊക്കെ റെഡിയാക്കി എയർപോർട്ടിലേക്ക്...


രാവിലെ നാട്ടിലെ എയർപോർട്ടിൽ ഫ്ലൈറ്റ് ഇറങ്ങി എമിഗ്രേഷനെല്ലാം കഴിഞ്ഞ് പുറത്തേക്കോടുകയായിരുന്നു, ഉമ്മാനെ കാണാനുള്ള സന്തോഷത്തിൽ...

ഓടിച്ചെന്ന് ഉമ്മാനെ കെട്ടിപ്പിടിച്ചു,  സന്തോഷം കൊണ്ട് രണ്ട് പേരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു.

വീട്ടിലെത്തി,  രണ്ട് ദിവസത്തിന് ശേഷം പെണ്ണുകാണല്‍...


ഞാനും ഉമ്മയും പെങ്ങളും അളിയനും പെങ്ങളെ കുട്ടിയും കുടിയാണ് പോയത്..


ഞങ്ങൾ അവിടെ എത്തിയപ്പോള്‍ ഉമ്മറത്ത് അവളുടെ ഉപ്പയും ആങ്ങളയും ഞങ്ങളെ സ്വീകരിക്കാന്‍ നിൽക്കുകയായിരുന്നു. .

"വരൂ, കയറിയിരിക്ക്"
പെണ്ണിന്‍റെ ഉപ്പ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു..

ഞങ്ങൾ അകത്ത് കയറിയിരുന്നു...

"ങ്ങളെന്താണ് ചെയ്യുന്നത്" പെണ്ണിന്റെ ഉപ്പയാണ്.

"ഞാൻ ദുബൈയിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർവൈസർ ആണ്"

"കുറേ ലീവുണ്ടോ"

"ആറ് മാസം"

"പെണ്ണിനെ കണ്ടില്ലല്ലോ" അളിയന്റെ വകയാണ് ചോദ്യം.

"വിളിക്കാം" എന്ന് പറഞ്ഞ് ആങ്ങള അകത്തേക്ക് പോയി.


ഒരു സോസറിൽ ചായയുമായി നാണം കുണുങ്ങി പെണ്ണ് മന്ദം മന്ദം നടന്നു വന്നു, ശേഷം സോസർ എന്റെ നേരെ നീട്ടി ഞാൻ ഒരു കപ്പ് ഗ്ലാസ് ചായയെടുത്ത് അവളുടെ മുഖത്തേക്ക് ഒന്നു നോക്കി,
നാണത്തോടെ അവളും ഒന്ന് എന്നെ നോക്കി... ആ സോസർ ടേബിളിൽ വെച്ച് അവൾ അകത്തേക്ക് പോയി...

വാതിലിന്റെ മറവിലൂടെ എന്നെ നോക്കികൊണ്ട് നിന്നു..

"പെണ്ണിനും ചെക്കനും എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ആവാം," പെണ്ണിന്‍റെ ഉപ്പ അകത്തെ മുറിയിലേക്ക് നോക്കി പറഞ്ഞു...

"അയ്ക്കോട്ടെ" എന്ന് പറഞ്ഞു അളിയൻ എന്നെ നോക്കി...

"ചെല്ലെടാ" കുഞ്ഞോള് കൈകൊണ്ട് ആംഗ്യം കാണിച്ചു.

ഞാൻ എണീറ്റ് അകത്തേക്ക് ചെന്നു...
ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയാണ് സൽമ..


മൌനത്തെ കീറി മുറിച്ചുകൊണ്ട് ഞാൻ ആരംഭിച്ചു.

"എന്താ പേര്?"

"സൽമ"

"എത്രവരെ പഠിച്ചു"

"പത്താം ക്ലാസ് വരെ"

"എന്നെ ഇഷ്ടമായോ?"

"മ്"

"എന്നോട് എന്തെങ്കിലും ചൊദിക്കാനുണ്ടോ?"

"ങ്ങക്ക് ന്നെ ഇഷ്ടപ്പെട്ടോ"

"പെരുത്തിഷ്ടായി"

"എന്നാ ഞാന്‍ പോവട്ടെ"


അവളോടും അവളുടെ വീട്ടുകാരോടും യാത്ര പറഞ്ഞ് ഞങ്ങളിറങ്ങി.

വരുന്ന വഴിക്ക് വണ്ടിയില്‍ വെച്ച് അളിയൻ
"അനക്ക് കുട്ടിനെ ഇഷ്ടപ്പെട്ടോ കുഞ്ഞോനെ"

"ഇനിക്കിഷ്ടായി, ങ്ങക്കൊക്കെ?"

"ഞങ്ങക്കൊക്കെ പെരുത്തിഷ്ടായി" മൂന്നാളും കൂടിയാണ് മറുപടി പറഞ്ഞത്.

അവരുടെ വീട്ടുകാരെ വിളിച്ച് കാര്യങ്ങള്‍ സംസാരിച്ചു,  അവർക്കും ഇഷ്ടപ്പെട്ടു.

അങ്ങനെ ഞാനും കണ്ടെത്തി എന്റെ ഹൂറിയെ...

ഇനി കല്ല്യാണത്തിനുള്ള ഒരുക്കങ്ങള്‍..



അത് പിന്നീടെഴുതാം...

രചന: അബ്ദുൽ സഹദ്.കെ

താലി

"എടീ അച്ചൂ, നീയൊന്നു വേഗം ഇറങ്ങുന്നുണ്ടോ?,
എവിടെ പോവാനോരുങ്ങിയാലും ഇവളുടെ ഈ മുടിഞ്ഞ ഒരുക്കം"
അരുണ്‍ കലി തുള്ളി...
"അരുണേട്ടാ ഇപ്പൊ വരാം, പ്ലീസ് ഈ സാരിയുടെ ഞെറി ശെരിയവുന്നില്ല"
"കല്യാണം കഴിഞ്ഞിട്ട് മൂന്നു കൊല്ലായി, ഇതുവരെ ഒരു സാരി ഉടുക്കാന്‍ പഠിച്ചില്ലേ"
"ദാ ഇറങ്ങി, ഇനി പോവാം"
അരുണ്‍ ബുള്ളെറ്റ് സ്റ്റാര്‍ട്ട്‌ ചെയ്തു,
"വേഗം കയറ്, റോഡ്‌ മുഴുവന്‍ ബ്ലോക്ക്‌ ആയിരിക്കും"
അച്ഛന്റെ അകന്ന ബന്ധത്തിലെ ഒരു കല്യാണത്തിന് പോവുകയാണ് അരുണ്‍...
കല്യാണ വീട്ടില്‍ എത്തി, എല്ലാവരും ഭക്ഷണം കഴിക്കുമ്പോഴാണ് അരുണിന്റെ ചിന്ത മൂന്നു വര്‍ഷം പിന്നിലോട്ട് പോയത്...
ഇതുപോലൊരു കല്യാണ വിരുന്നിലാണ് താന്‍ അശ്വതിയെ കാണുന്നതും പരിചയപ്പെടുന്നതും...
അന്ന് ഭക്ഷണം വിളമ്പുന്നതിനിടയില്‍
"ഹല്ലോ മാഷെ, ഇവിടെ കുറച്ച് ചോറ്"
തിരിഞ്ഞു നോക്കിയപ്പോള്‍ 2 മാന്‍പേട കണ്ണുകള്‍ മാടി വിളിക്കുന്ന പോലെ...
ഈ ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ് എന്നൊക്കെ പറയില്ലേ, ഇതത് തന്നെ...
ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കി നിന്ന എന്നെ നോക്കി അവള്‍ വീണ്ടും,
"മാഷെ ഇയാളെ തന്നെ, കുറച്ച് ചോറ് ഇട്ടെ"
എല്ലാം കഴിഞ്ഞു പോരാന്‍ നേരം ഞാന്‍ അവളുടെ പിന്നാലെ പോയി വീട് കണ്ടുപിടിച്ചു...
പിന്നീട് അങ്ങോട്ട്‌ ഉറക്കമില്ലാത്ത രാത്രികളായിരുന്നു...
അവളെ കുറിച്ചും അവള്‍ തന്‍റെതാവുന്നതിനെ കുറിച്ചും സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങി...
ഒരു ദിവസം രണ്ടും കല്‍പ്പിച്ചു അവളുടെ കോളെജിനു മുന്‍പില്‍ പോയി നിന്നു,
കോളേജ് വിട്ട് അവള്‍ വരുന്നതും കാത്തു...
കുറച്ച് കഴിഞ്ഞപ്പോള്‍ 2 തോഴിമാരെ കൂട്ടി രാജകുമാരി നടന്നു വരുന്നപോലെ അശ്വതി അവളുടെ രണ്ടു കൂട്ടുകാരുടെ കൂടെ നടന്നു വരുന്നുണ്ട്...
അതുവരെ ഉണ്ടായിരുന്ന ധൈര്യം മുഴുവന്‍ ചോര്‍ന്നു പോയത് പോലെ തോന്നി...
അവളുടെ പിന്നാലെ നടന്നു, കുറച്ച് മുന്നില്‍ എത്തിയപ്പോള്‍,
"ഹല്ലോ, കുട്ടി എനിക്ക് ഒരു കാര്യം പറയാനുണ്ട്"
"എന്‍റെ പേര് കുട്ടി എന്നല്ല, അശ്വതി എന്നാണ്, മാഷിനെന്താ പറയാനുള്ളത്?"
"ഓക്കേ, അശ്വതി എനിക്ക് തന്നെ ഇഷ്ടമാണ്"
"നല്ല കാര്യം"
"ഞാന്‍ സീരിയസ് ആയിട്ടാണ്, എനിക്ക് തന്നെ ഒരുപാടിഷ്ടമാണ്"
"നിങ്ങള്‍ക്കെന്താ പ്രാന്തുണ്ടോ?"
പ്രാന്ത് നിന്റെ തന്തക്ക് എന്ന് പറയാനാണ് തോന്നിയത്, പിന്നെ ഭാവി അമ്മായി അപ്പനെ ബഹുമാനിക്കണമല്ലോ എന്ന് കരുതി ക്ഷമിച്ചു..
"സത്യാണ് , എനിക്ക് നീയെന്നാല്‍ ഇപ്പോള്‍ പ്രാന്താണ് അശ്വതി"
"എന്നെ കുറിച്ച് എന്തറിഞ്ഞിട്ടാണ് ഇയാളെന്നെ ഇഷ്ടമാണെന്ന് പറഞ്ഞത്"
"എനിക്ക് തന്നെ കുറിച്ച് ഒന്നും അറിയണ്ട"

"അറിയണം, എനിക്ക് അമ്മയില്ല, ചെറുപ്പത്തിലെ അമ്മ മരിച്ച എന്നെ പൊന്നുപോലെയാണ് അച്ഛന്‍ വളര്‍ത്തിയത്‌, അച്ചനിഷ്ടമില്ലാത്തതൊന്നും ഞാന്‍ ചെയ്യില്ല"
അവളോടുള്ള എന്‍റെ ഇഷ്ടം കൂടുകയായിരുന്നു...
പിന്നീട് പല തവണ അവളുടെ പിന്നാലെ നടന്നെങ്കിലും അവള്‍ ഒന്ന് മൈന്‍ഡ് ചെയ്തത് പോലുമില്ല, നിരാശയോടെ ആണെങ്കിലും ആ നടത്തം ഞാന്‍ ആസ്വദിച്ചിരുന്നു..
പെട്ടെന്നാണ് എനിക്കൊരു പനി വന്നതും ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആയതും, ഒരാഴ്ച്ചത്തെക്ക് എനിക്ക് അവളെ കാണാന്‍ സാധിച്ചില്ല...
ഒരാഴ്ചക്ക് ശേഷം, അവളുടെ കോളേജിന്റെ അടുത്ത് നില്‍ക്കുമ്പോള്‍,..
"എവിടെയായിരുന്നു മാഷെ ഒരാഴ്ച"
തിരിഞ്ഞു നോക്കിയപ്പോള്‍ അശ്വതിയാണ്,
"ചെറിയ ഒരു പനി"
"ഓ, ഞാന്‍ കരുതി എന്‍റെ ബോഡിഗാഡ് പണിയൊക്കെ നിര്‍ത്തി എന്ന്"
അത് കേട്ടപ്പോള്‍ ഞാന്‍ ഒന്ന് ചിരിച്ചു,കൂടെ അവളും...
"ഇയാളില്ലാത്ത ഒരാഴ്ച എനിക്കൊരു സുഖവും ഇല്ലായിരുന്നു, അപ്പോഴാണ് ഇയാളെ ഞാന്‍ എത്ര സ്നേഹിക്കുന്നു എന്ന് ഞാന്‍ മനസ്സിലാക്കിയത്‌"
ശരിക്കും കേട്ടപ്പോള്‍ അവളെ എടുത്ത് പോക്കാനാണ് തോന്നിയത്, പക്ഷെ ആളുകള്‍ ശ്രദ്ധിക്കുമെന്ന് ഉള്ളത് കൊണ്ട് ഉപേക്ഷിച്ചു...
പിന്നെയങ്ങോട്ട് ഞങ്ങളുടെ കാലമായിരുന്നു, അവളുടെ അച്ഛനും ഞങ്ങളുടെ ബന്ധത്തില്‍ താല്‍പര്യമായിരുന്നു...
ഞങ്ങളുടെ കല്യാണം ചിങ്ങത്തില്‍ നടത്താം എന്ന് രണ്ടു വീട്ടുകാരും തീരുമാനിച്ചിരുന്നു..
അതിനിടയിലാണ് ഒരു ദിവസം,
ഞങ്ങള്‍ രണ്ടുപേരും ബൈക്കില്‍ പോകുമ്പോള്‍ കുറച്ച് ദൂരം പിന്നിട്ടപ്പോള്‍ അവളുടെ ചുരിദാറിന്റെ ഷാള്‍ ബൈകിന്റെ വീലില്‍ കുടുങ്ങി ബൈക്ക് മറിഞ്ഞത്,
നിസ്സാര പരിക്കുകളോടെ ഞാന്‍ രക്ഷപ്പെട്ടു, അശ്വതിക്ക് തലയില്‍ അത്യാവശ്യം വലിയ മുറിവുണ്ടായിരുന്നു,
ഐസിയു വില്‍ ആയിരുന്നു അവള്‍, അവള്‍ക്ക് ഒന്നും വരുത്തല്ലേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ഞാന്‍ ഐ സി യുവിന് മുന്നില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നുകൊണ്ടേയിരുന്നു..
അവള്‍ക്ക് ബോധം വന്നപ്പോള്‍ എന്നെ കാണണമെന്ന് പറഞ്ഞു,
ഞാന്‍ അകത്തേക്ക് പോയി..
അവിടെ ചെന്നപ്പോള്‍ അവിടെ മൂലയിലിരുന്ന അവളുടെ ബാഗിലേക്കവള്‍ ചൂണ്ടി..
ഞാനത് അവളുടെ കയ്യിലേക്ക് എടുത്തു വെച്ചപ്പോള്‍ അതില്‍ നിന്നും മഞ്ഞ ചരടില്‍ കോര്‍ത്ത ഒരു #താലി എടുത്തു കൊണ്ട്,
"അരുണേട്ടാ ഇതൊന്ന് എന്‍റെ കഴുത്തില്‍ കെട്ടി തരുമോ?"
എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുന്ന എന്‍റെ തോളില്‍ അവളുടെ അച്ഛന്‍ കൈവെച്ചു പറഞ്ഞു,
"അവളുടെ ആഗ്രഹമല്ലേ മോനെ, അത് ചെയ്തു കൊടുത്തേക്ക്"
താലി കെട്ടുമ്പോള്‍ അവളെക്കാള്‍ കൂടുതല്‍ കരഞ്ഞത് ഞാനായിരുന്നു, അവളെ നഷ്ടപ്പെടുമോ എന്നോര്‍ത്ത്..
താലി കെട്ടി പുറത്തെത്തിയ ഞാന്‍ ഇന്നുവരെ വിളിക്കാത്ത ദൈവങ്ങളെ മുഴുവന്‍ വിളിച്ചു കരഞ്ഞു"
---------------------------
"അരുണെട്ടനെന്താ ആലോചിക്കുന്നത്?"
"ഏയ് ഒന്നുമില്ല, ഞാന്‍ എനിക്ക് പറ്റിയ ഒരു കയ്യബദ്ധം ആലോചിക്കുകയായിരുന്നു"
"കയ്യബദ്ധമോ "
"അതെ, ഈ താലി കെട്ടിയത്"
എന്ന് പറഞ്ഞു ഞാന്‍ ചിരിച്ചപ്പോള്‍ അവളും ചിരിച്ചു കൊണ്ട് എന്നെ തല്ലാനോങ്ങി....
ശുഭം:.
രചന: അബ്ദുള്‍ സഹദ്.കെ

നന്ദൂട്ടി



മദ്യത്തിന്റെ ആലസ്യത്തിലാണ് നന്ദൻ...
അനുപമ പിണങ്ങി പോയതിൽ പിന്നെ എന്നും ഇങ്ങനെയാണ്, ദിവസവും മദ്യപിച്ച് പിച്ചും പേയും പറഞ്ഞുകൊണ്ടിരിക്കും...
"എന്തിനാ അച്ഛാ ഇങ്ങനെ കുടിച്ച് നശിക്കണേ...?"
"നന്ദൂട്ടീ വിഷമം മറക്കാനല്ലേ അച്ഛന്‍ കുടിക്കണേ"
"അമ്മ പോയിട്ടാണോ അച്ഛന്‍ ഇങ്ങനെ കുടിക്കണെ, അമ്മ പിണക്കമെല്ലാം മാറ്റി തിരിച്ചുവരും, അച്ഛൻ വിഷമിക്കാതിരിക്ക്"
അതെ, അനുപമ പിണങ്ങി പോയിട്ട് ഇന്നേക്ക് ഒരുമാസം ആയി, പൊന്നുവിനെയും കൊണ്ടാണ് പോയത്...
പൊന്നുവും നന്ദുവും ഒരു ഉദരത്തില്‍ പിറന്നില്ലെങ്കിലും നന്ദനും അനുപമക്കും ജീവനായിരുന്നു..
കുറച്ച് മാസങ്ങൾക്ക് മുമ്പ് അനു അവളുടെ ബന്ധുവീട്ടിൽ പോയി വന്നതിന് ശേഷം അവളുടെ പെരുമാറ്റത്തിൽ ഭയങ്കരമായ മാറ്റം അനുഭവപ്പെട്ടു, അതിന്റെ പേരിലുണ്ടായ വഴക്കിന്റെ പേരിലാണ് പൊന്നുവിനെയും എടുത്ത് കൊണ്ട് അവളുടെ വീട്ടിലേക്ക് പോയത്...
--------------------------------------------
ഏഴ് വർഷം മുമ്പായിരുന്നു നന്ദുവിന്റെയും അനുപമയുടെയും വിവാഹം,
രണ്ടു വർഷം വരെ അവർക്ക് കുട്ടികളുണ്ടായില്ല, അങ്ങനെ ഒരുപാട് ആലോചനക്കൊടുവിൽ ഒരു കുട്ടിയെ ദത്തെടുക്കാം എന്ന തീരുമാനത്തിലെത്തി, അങ്ങനെയാണ് നന്ദന എന്ന അനാഥ പെൺകുട്ടിയെ ഒരു ഓർഫനേജിൽ നിന്ന് ദത്തെടുക്കുന്നത്.
പിന്നെ അവരുടെ ജീവിതം സന്തോഷം നിറഞ്ഞതായിരുന്നു, ഒരു വർഷം പിന്നിട്ടപ്പോള്‍ ആ സന്തോഷത്തിലേക്കാണ് ഒരാള്‍ കൂടി കടന്നുവരാന്‍ പോകുന്നു എന്നറിഞ്ഞത്, അതെ അനുപമ ഗർഭിണിയായി. പൊന്നുവിന് ജന്മം നല്‍കി.
നന്ദൂട്ടിക്ക് പൊന്നുവിനെ ജീവനായിരുന്നു, കുളിപ്പിക്കാനും ഉടുപ്പിടീക്കാനും പൊട്ട് തൊടീക്കാനും നന്ദൂട്ടി ആയിരുന്നു മുന്നില്‍...
പൊന്നുവിനെയും നന്ദൂട്ടിയെയും ഒരു കുറവുമില്ലാതെയാണ് കഴിഞ്ഞ രണ്ട് മാസം മുമ്പ് വരെ അനുപമ നോക്കിയിരുന്നത്,
രണ്ട് മാസം മുമ്പ് അനുപമയുടെ ബന്ധുവീട്ടിൽ പോയി വന്നപ്പോള്‍ മുതല്‍ അനുപമയുടെ നന്ദൂട്ടിയോടുളള പെരുമാറ്റവും മറ്റും സഹിക്കാന്‍ കഴിയാത്തവിധം ആയിരുന്നു...
നന്ദൂട്ടി പൊന്നുവിന്റെ സ്ഥാനം തട്ടിയെടുക്കും, സ്വത്തിന് വേണ്ടി നിന്റെ മകളെ കൊല്ലാൻ പോലും മടിക്കില്ല, എത്രയും പെട്ടെന്നു നന്ദൂട്ടിയെ അവിടെ നിന്നും ഓടിക്കണം എന്നെല്ലാം പറഞ്ഞു ബന്ധുക്കള്‍ അനുപമയെ വശീകരിച്ചു എന്നതാണ് കാര്യം...
ഒരു ദിവസം പതിവുപോലെ നന്ദൂട്ടിയും പൊന്നുവും കളിക്കുന്നതിനിടയിൽ പൊന്നു വീണു, കാൽമുട്ട് ചെറുതായി ഒന്നു പൊട്ടി..
പൊന്നു കരഞ്ഞുകൊണ്ട് അനുപമയുടെ അടുത്തേക്ക് ഓടി, അതുംകൂടി ആയപ്പോൾ അനുപമക്ക് സഹിക്കാൻ കഴിഞ്ഞില്ല, കയ്യില്‍ കിട്ടിയ വടിയെടുത്ത് നന്ദൂട്ടിയെ അടിക്കാന്‍ തുടങ്ങി...
"നീ എന്റെ മോളെ കൊല്ലാന്‍ നോക്കും അല്ലേ"
"ഇല്ല അമ്മേ, ഞാനൊന്നും ചെയ്തിട്ടില്ല, പൊന്നു തനിയെ വീണതാണ്"
"അവൾ തനിയെ വീഴില്ല, നീ എന്റെ കുട്ടിയെ തള്ളിയിട്ടതാ"
അതും പറഞ്ഞു അനുപമ നന്ദുവിനെ തല്ലാന്‍ തുടങ്ങി...
"അമ്മേ ,എന്നെ തല്ലല്ലെ ഞാനൊരു തെറ്റും ചെയ്തിട്ടില്ലമ്മേ"
ഇതു കണ്ട് കയറി വന്ന നന്ദൻ...
"അനൂ, നീയെന്താണീ കാണിക്കുന്നത്, എന്തിനാ ഈ പാവത്തിനെ ഇങ്ങനെ തല്ലുന്നത്"
"ഇവൾ എന്റെ മകളെ കൊല്ലാന്‍ നോക്കി"
"കൊല്ലാന്‍ നോക്കിയോ, നീ ഇല്ലാത്തത് പറയല്ലേ പൊന്നു സ്വയം വീണതാവും, പൊന്നുവിനെ ഒന്ന് നുള്ളി നോവിക്കുക പോലും ചെയ്യാത്ത നന്ദൂട്ടി എങ്ങനെയാണ്, അവളെ തള്ളിയിടുന്നത്.."
"അവൾ തന്നെയാ ചെയ്തത്"

അതും പറഞ്ഞ് വീണ്ടും നന്ദൂട്ടിയെ അടിക്കാന്‍ അനുപമ തുനിഞ്ഞപ്പോൾ നന്ദൻ അനുപമയുടെ കരണത്ത് ആഞ്ഞൊരടി..
"നിന്നോടല്ലേ അവൾ ചെറിയ കുഞ്ഞാണ്, അവളെയിങ്ങനെ അടിക്കരുതെന്ന് പറഞ്ഞത്"
"നിങ്ങൾക്ക് എന്നേക്കാളും പൊന്നുവിനേക്കാളും വലുത്, എവിടൂന്നോ വലിഞ്ഞു കേറി വന്ന ഇവളാണോ?"
ഇതെല്ലാം കേട്ട് വേദനയും സഹിക്കാന്‍ കഴിയാതെ നന്ദൂട്ടി റൂമിന്റെ മൂലയിൽ ഇരുന്ന് പൊട്ടിക്കരയാൻ തുടങ്ങി.
"അതേടീ, എനിക്ക് പൊന്നുവിനെ കിട്ടുന്നതിനേക്കാളും മുമ്പ് കിട്ടിയ എന്റെ മോളാണ് നന്ദൂട്ടി, അവൾ കഴിഞ്ഞിട്ടേ വേറെ ആരും എനിക്കുള്ളൂ"
നന്ദൻ അത്യാവശ്യം ചൂടിലായിരുന്നു...
"ഞങ്ങൾക്കൊരു വിലയും ഇല്ലാത്തിടത്ത് ഞാനും എന്റെ മോളും ഒരു ശല്യമാവുന്നില്ല, ഞങ്ങൾ എന്റെ വീട്ടിലേക്ക് പോവാ, ഇനിയെന്നെയും മോളെയും വേണമെന്ന് തോന്നുമ്പോൾ ഈ അസത്തിനെ കളഞ്ഞിട്ട് വന്നാല്‍ മതി..."
"ആ ആഗ്രഹം നീ മനസ്സില്‍ വെച്ചാല്‍ മതി, നന്ദൂട്ടിയില്ലാതെ നിങ്ങളെയും ഏനിക്ക് വേണ്ട"
പിന്നെ ഒന്നും പറയാന്‍ നിൽക്കാതെ അനുപമ പെട്ടിയെടുത്ത് പൊന്നുവിനെയും കൂട്ടി ഇറങ്ങി,...
അപ്പോഴത്തെ ചൂടിൽ അങ്ങനെയൊക്കെ പറഞ്ഞെങ്കിലും നന്ദന്റെ മനസ്സില്‍ കുറ്റബോധം ഉണ്ടായിരുന്നു...
പക്ഷെ നന്ദൂട്ടിയെ കുറിച്ച് ആലോചിക്കുമ്പോൾ എല്ലാം ശരിയാണ് എന്നൊരു തോന്നലും...
അനുപമ രണ്ട് തവണ വക്കീല്‍ നോട്ടീസ് അയച്ചു, അത് അംഗീകരിക്കാന്‍ നന്ദന് കഴിയുമായിരുന്നില്ല..
അങ്ങനെയാണ് നന്ദൻ മദ്യത്തിനടിമപ്പെട്ടത്...
*****----****-***-*******
അതിനിടയിലാണ് പെട്ടെന്ന് പൊന്നുവിന് ചെറിയ പനി വന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയത്,
നന്ദനും നന്ദൂട്ടിയും പെട്ടെന്നു തന്നെ അവിടെയെത്തി,
പനി വീണ്ടും മൂർച്ഛിച്ചപ്പോൾ ഐസിയുവിലേക്ക് മാറ്റാൻ ഡോക്ടർ നിർദേശിച്ചത്,
ഐസിയുവിലെ ടെസ്റ്റുകൾക്കൊടുവിൽ രക്തത്തിലെ പ്ലേറ്റ്ലറ്റുകളുടെ കുറവ് മൂലം രക്തം കട്ടപിടിച്ചിരിക്കുകയാണെന്നും എത്രയും പെട്ടെന്ന് രക്തം മറ്റിവെക്കണമെന്നും പറഞ്ഞു...
ആ സമയത്ത് പോലും നന്ദനോട് സംസാരിക്കാന്‍ അനുപമ ശ്രമിച്ചില്ല...
രണ്ടുപേരും പലരെയും വിളിച്ചു നോക്കി ഒ നെഗറ്റീവ് ഗ്രൂപ്പ് അധികം ഇല്ലാത്തതിനാല്‍ ഒന്നും ശരിയാവുന്നില്ല...
"ഒരുവിധത്തിൽ രക്തം തരാന്‍ ആളെ കിട്ടി, ഇനിയെല്ലാം ദൈവത്തിന്‍റെ കയ്യില്‍ ആണ്" എന്ന് പറഞ്ഞു ഡോക്ടര്‍ പോയി..
അപ്പോഴാണ് നന്ദൻ ശ്രദ്ധിച്ചത്, അവിടെയുള്ള ഒരു മൂലയില്‍ ഇരുന്നുകൊണ്ട് നന്ദൂട്ടി കരയുന്നുണ്ട്, അടുത്തു ചെന്ന്...
"എന്തിനാ നന്ദൂട്ടി കരയുന്നത്?"
"അച്ഛാ നമ്മുടെ പൊന്നൂ" എന്നും പറഞ്ഞ് അവൾ കരയുകാണ്, ഒപ്പം
"ഞങ്ങളുടെ പൊന്നൂനെ രക്ഷിക്കണേ ദൈവമേ" എന്ന് പ്രാർത്ഥിക്കുന്നുമുണ്ട്...
ഇതെല്ലാം അനുപമ കാണുന്നുണ്ടായിരുന്നു... അവളുടെ മനസ്സിലപ്പോൾ കുറ്റബോധം തട്ടുന്നുണ്ടായിരുന്നു...
അപ്പോഴാണ് നന്ദൻ അനുപമയുടെ അടുത്തെത്തിയത്..
മൌനത്തിന് വിരാമം കുറിച്ചുകൊണ്ട് നന്ദൻ അനുപമയോട്,
"ഈ നന്ദൂട്ടിയാണോ നമ്മുടെ പൊന്നുവിനെ കൊല്ലാന്‍ നോക്കി എന്ന് നീ പറഞ്ഞത്"
പിന്നെ അവിടെ ഒരു പൊട്ടിക്കരച്ചില്‍ ആയിരുന്നു, അനുപമ നന്ദൂട്ടിയെ കെട്ടിപ്പിടിച്ചു..
"നന്ദൂട്ടി ഈ മഹാപാപിയായ അമ്മയോട് ക്ഷമിക്കണം, "
എന്ന് പറഞ്ഞു അനുപമ കരഞ്ഞപ്പോൾ
നന്ദൂട്ടിക്കും പൊന്നുവിനും തിരിച്ചു കിട്ടിയത് അച്ഛനും അമ്മയും ഉളള പഴയ ജീവിതം തന്നെയായിരുന്നു...
രണ്ടാഴ്ചയ്ക്കുള്ളില്‍ പൊന്നുവിന്റ അസുഖമെല്ലാം മാറി, ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാര്‍ജ് ആയി അവർ വീട്ടിലെത്തി...
ഇന്ന് നന്ദൂട്ടിയുടെ ജീവിതം സുന്ദരമാണ്
അച്ഛനും അമ്മയും പിന്നെ നന്ദൂട്ടിയുടെ സ്വന്തം പൊന്നുവും....
********
ശുഭം...

ഏട്ടത്തിയമ്മ.

എടാ അനൂപേ നീ എന്തടുക്കുവാ?
ഒന്നുമില്ല ഏടത്തീ, ഞാൻ വെറുതെ ഇരിക്കുവാ.,
ഇപ്പൊ ദിവസംതോറും നിന്റെ മൊബൈൽ ഉപയോഗം കൂടുന്നുണ്ടല്ലോ, ഏട്ടൻ വരട്ടെ ഞാൻ പറയുന്നുണ്ട്,
പ്ലീസ് ഏട്ടത്തി, ഏട്ടനോട് പറയല്ലേ...
ഏട്ടത്തി,
എന്റെ എല്ലാമെല്ലാം ആണ്, ഒരു അമ്മയായി, ചേച്ചിയായി, അനുജത്തിയായി അങ്ങനെ എല്ലാംതന്നെ ഏട്ടത്തിയമ്മയാണ്...
എന്റെ പത്താം വയസിലാണ് ഒരു കാറപകടത്തിൽ എന്റെ അച്ഛനും അമ്മയും മരിക്കുന്നത്, അതിനുശേഷം എന്റെ എല്ലാം ഏട്ടന്‍ ആയിരുന്നു, ഏട്ടന് എന്നേക്കാൾ പത്ത് വയസ്സ് കൂടുതല്‍ ആണ്, അച്ഛന്‍റെയും അമ്മയുടെയും മരണശേഷം എന്നെ വളർത്തിയതും പഠിപ്പിച്ചതും എല്ലാം ഏട്ടനാണ്. ഏട്ടനു ഞാനും എനിക്ക് ഏട്ടനും, അതായിരുന്നു ഞങ്ങളുടെ ലോകം.
അങ്ങനെയുള്ള ഞങ്ങളുടെ ജീവിതത്തിലേക്കാണ് ഐശ്വര്യത്തിന്റെ പ്രതീകമായി ഏട്ടത്തിയമ്മ കടന്നുവന്നത്...
രണ്ട് വർഷം മുമ്പ്,..
അന്നൊരു ഞായറാഴ്ചയായിരുന്നു, ഒരു ബന്ധുവിന്റെ വീട്ടിലെ കല്ല്യാണം കൂടാനായി ഞാനും ഏട്ടനും കൂടി പോയി, കല്ല്യാണത്തിന് സദ്യ വിളമ്പുന്നതിനിടയിലാണ് എന്റെ കണ്ണുകള്‍ ഒരു മുഖത്തിൽ ഉടക്കിയത്.. ഒരു 19 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ദേവത. , ഞാൻ മനസ്സില്‍ ഉറപ്പിച്ചു ഇത് തന്നെയാണ് എന്റെ ഏട്ടത്തിയമ്മ എന്ന്..
കല്ല്യാണം കഴിഞ്ഞു പോകാന്‍ നേരം ഞാൻ ആ ദേവതയെ തിരയുകയായിരുന്നു, പക്ഷെ നിർഭാഗ്യവശാൽ അന്ന് കാണാന്‍ കഴിഞ്ഞില്ല, ഞാനാകെ മൂഡോഫ് ആയി,
വീട്ടിലോട്ടുള്ള യാത്രയിൽ ഞാൻ ഏട്ടനോട് ഒന്നും മിണ്ടാതെ ആ ഏട്ടത്തിയമ്മയെ കുറിച്ച് ഓർത്തുകൊണ്ടിരിക്കുകയായിരുന്നു...
എന്താടാ നിനക്കെന്താ പറ്റിയത് എന്ന എന്റെ ചേട്ടന്‍റെ ചോദ്യത്തിന് ഒന്നുമില്ല എന്ന മറുപടിയിൽ ഒതുക്കി വീട്ടിലെത്തി, ഏട്ടൻ ചോദ്യം വീണ്ടും ആവർത്തിച്ചപ്പോൾ എല്ലാം ഏട്ടനോട് പറഞ്ഞു , എല്ലാം കേട്ടുകഴിഞ്ഞ് ഏട്ടൻ ചിരിയോടുചിരി...
"നിന്നോടാരാ എനിക്കിപ്പം പെണ്ണ് നോക്കാന്‍ പറഞ്ഞെ?"
"അതല്ല ഏട്ടാ, എനിക്കൊരു ഏട്ടത്തിയമ്മയെ വേണം, അതിനാണ്.."
"നോക്കാം അനൂ"
ഒരാഴ്ചക്ക് ശേഷം ഒരു ദിവസം അമ്പലത്തിൽ വെച്ച് വീണ്ടും ഞാൻ ആ ദേവതയെ കണ്ടു, അതെ എന്റെ ഏട്ടത്തിയമ്മയെ...
ഞാൻ അവരുടെ അടുത്ത് ചെന്നു, വിറക്കുന്നുണ്ടെങ്കിലും എങ്ങനെയോ പറഞ്ഞൊപ്പിച്ചു..
"ചേച്ചീ, ചേച്ചിക്കെന്റെ ഏട്ടത്തിയമ്മയാവാൻ കഴിയുമോ?"
ഇവനെന്താണ് ഈ ചോദിക്കുന്നത് എന്ന അർത്ഥത്തിൽ അവരെന്നെയൊന്ന് നോക്കി,
"നീ എന്താ ഉദ്ദേശിച്ചത്? എനിക്ക് മനസിലായില്ല"
Image may contain: 1 person, text
" എന്റെ വീട്ടില്‍ ഞാനും എന്റെ ചേട്ടനും മാത്രമാണുള്ളത്, അമ്മയും അച്ഛനും എന്റെ പത്താമത്തെ വയസിൽ കാറപകടത്തിൽ മരണപ്പെട്ടു, ഇപ്പോൾ എനിക്ക് ഏട്ടനും മാത്രമേ ഉള്ളൂ, എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ടമായി, ചേച്ചി എന്നും എന്റെ കൂടെ ഉണ്ടാവണം എന്ന് ഞാൻ ആഗ്രഹിക്കുന്നു ഒരു അമ്മയായി, സഹോദരിയായി അതാണ് ഞാൻ ഇങ്ങനെ ചോദിച്ചത്, തെറ്റാണെങ്കിൽ ക്ഷമിക്കണം"
"ഇങ്ങനെ ഒരു അനുജനെ കിട്ടാന്‍ ഞാൻ എന്ത് പുണ്യാ ഈശ്വരാ ചെയ്തത്, ഏതായാലും നീ ഏട്ടനേയും കൂട്ടി വീട്ടിലോട്ട് വാ"
അങ്ങനെ ഏട്ടനും ഏട്ടത്തിയും സംസാരിച്ചു, ഏട്ടൻ ഒരൊറ്റ കാര്യമേ ഏട്ടത്തിയോട് പറഞ്ഞുള്ളൂ, ഇവൻ എന്റെ അനുജന്‍ മാത്രമല്ല, മകൻ കൂടിയാണ്... അതുപോലെ അവനെ നോക്കണം എന്ന്..
പെട്ടെന്നു തന്നെ ഏട്ടന്റെയും ഏട്ടത്തിയുടെയും വിവാഹം ലളിതമായ രീതിയില്‍ നടന്നു...
വീട്ടിലേക്ക് വന്ന ഏട്ടത്തിയെ നിലവിളക്ക് എടുത്ത് സ്വീകരിക്കുന്ന ചുമതല എനിക്കായി...
" ഏട്ടത്തീ, ഇവിടെ ഈ നിലവിളക്കെടുത്തു തരാന്‍ പെണ്ണുങ്ങള്‍ ആരുമില്ല, തൽക്കാലം ഇത് വാങ്ങി ഇനിമുതൽ നിലവിളക്ക് കത്തിക്കാനുള്ള അവകാശം സ്വീകരിച്ചാലും"
അതിനു മറുപടിയായി എല്ലാവരും ഒന്ന് ചിരിച്ചു...
അന്നുമുതല്‍ ഇന്നുവരെ എനിക്കെന്‍റെ അമ്മയും ചേച്ചിയും അനിയത്തിയും ഏട്ടത്തിയമ്മയാണ്...
ഇപ്പോള്‍ എനിക്കൊരു ചെറിയ പനി വന്നാല്‍ എന്നെക്കാളും ചേട്ടനെക്കാളും വേവലാതി ഏട്ടത്തിയമ്മക്കാണ്,
ഏട്ടൻ എപ്പോഴും തമാശയായി പറയും ഇവൾക്ക് എന്നെക്കാള്‍ സ്നേഹം അനിയൻകുട്ടനോടാണെന്ന്, അപ്പോള്‍ ചേച്ചി പറയും അവൻ എന്റെ സ്വന്തം അനിയനും മകനുമാണെന്ന്...
"എനിക്കൊരു അമ്മയുടെ വാത്സല്യം, ചേച്ചിയുടെ കരുതൽ, അനുജത്തിയുടെ കുറുമ്പ് എല്ലാം എന്റെ ഏട്ടത്തിയമ്മയിൽ നിന്ന് ലഭിക്കുമ്പോൾ ആ സ്നേഹത്തിന് പകരം വെക്കാന്‍ എന്റെ കയ്യില്‍ ഒന്നുമില്ല, ഈ ജന്മമല്ലാതെ...."
"എന്താടാ സ്വപ്നം കാണുന്നത്, ഏതെങ്കിലും പ്രേമത്തിൽ പെട്ടോ"
ഏട്ടത്തിയുടെ ചോദ്യം എന്നെ ഓർമ്മകളിൽ നിന്നും ഉണർത്തി...
" അങ്ങനെ ഒന്നുമില്ല ഏടത്തി, ഏടത്തിയും ഏട്ടനും ഇഷ്ടപ്പെടുന്ന പെണ്ണിനെ മാത്രം മതിയെനിക്ക് "
ഒരു തലോടലിൽ മറുപടി നൽകി ഏട്ടത്തി അടുക്കള ലക്ഷ്യമാക്കി നടന്നു...

എന്‍റെ ബീവി

കോലായിലിരുന്ന് പുറത്തേക്ക് നോക്കിയിരിക്കുമ്പോഴാണ് നമ്മുടെ കുഞ്ഞിപ്പാത്തു പുറകില്‍ വന്നു പുറത്തു ഒരൊറ്റ അടി..

ഉപ്പാ ഇന്നല്ലേ ഇങ്ങള് ഉമ്മാന്റെ അടുത്ത് മോളെ കൊണ്ടോവാന്ന് പറഞ്ഞത്...

കുഞ്ഞിപ്പാത്തുവിനെ കൈയില്‍ കോരിയെടുത്ത് ഒരു ഉമ്മ കൊടുത്ത് ഉപ്പ ഉപ്പാന്റെ കുഞ്ഞിപ്പാത്തുവിനെ എന്തായാലും കൊണ്ടോവാം , ഉപ്പാന്റെ കുഞ്ഞിപ്പാത്തു പോയി പുതിയ കുപ്പായം ഇട്ട് വാ...

ഇന്നാണ് എന്‍റെ ബീവി(ശബാന)യുടെ ആണ്ട്, കൂടാതെ എന്‍റെ കുഞ്ഞിപ്പാത്തുവിന്റെ നാലാമത്തെ പിറന്നാളും,

=========================
അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു വെള്ളിയാഴ്ച ജുമാ നിസ്കാരം കഴിഞ്ഞു പള്ളിയില്‍ നിന്ന് പുറത്തിറങ്ങുന്നവരെ നോക്കി 2 കൈകള്‍ , എന്‍റെ നേരെയും നീണ്ടു, ഞാന്‍ വെറുതെ ഒന്ന് മുഖമുയര്‍ത്തി ആ മുഖത്തേക്ക് നോക്കി.. ഒരു 19 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടി, ഒരു നരച്ച പര്‍ദയും ഇട്ടാണ് നില്‍ക്കുന്നത്..

അവളുടെ ഉമ്മാക്ക് സുഖമില്ലാതെ കിടപ്പിലാണ്, ഉപ്പയില്ല സഹായിക്കണം എന്നൊക്കെ പറഞ്ഞുകൊണ്ടേയിരിക്കുന്നു, ചിലര്‍ സഹതാപത്തില്‍ മുക്കിയ ഏറ്റവും ചെറിയ നോട്ടെടുത്ത് അവളുടെ അടുത്തുള്ള തുണിയില്‍ ഇട്ട് പോകുന്നുണ്ട്..,

എനിക്കെന്തോ അവളെ കണ്ടപ്പോള്‍ തന്നെ ഒരു ഇഷ്ടം തോന്നി, നിഷ്കളങ്കമായ മുഖവും... എല്ലാവരും പോവുന്നത് വരെ ഞാന്‍ അവിടെ അടുത്തുള്ള ഷെഡില്‍ കയറി ഇരുന്നു, എല്ലാവരും പോയ ശേഷം അവള്‍ ആ തുണിയോടെ പൈസ എടുക്കുമ്പോള്‍ ഞാന്‍ അവളുടെ അടുത്ത് ചെന്ന് ചോദിച്ചു, കുട്ടിയുടെ വീട് എവിടെയാണെന്ന്.., അത് കേട്ടപ്പോള്‍ അവളുടെ കണ്ണില്‍ നിന്നും വെള്ളം വരുന്നുണ്ടായിരുന്നു,

അങ്ങ് ദൂരെയാണെന്നു ഒരു കൈ അകലേക്ക് ചൂണ്ടിക്കൊണ്ടാവള്‍ പറഞ്ഞു, അവളോട്‌ ഞാന്‍ വീട്ടില്‍ കൊണ്ട് വിടാം എന്ന് പറഞ്ഞു അവള്‍ക്ക് കാറിന്റെ പിന്നിലെ ഡോര്‍ തുറന്നു കൊടുത്തു അവളോട കയറാന്‍ പറഞ്ഞു,
മടിച്ചുകൊണ്ട് അവള്‍ അതില്‍ കയറി. , അവള്‍ പറഞ്ഞ വഴിയിലൂടെ സഞ്ചരിച്ചു ഒരു കുന്നിന്റെ താഴെ എത്തിയപ്പോള്‍ അവള്‍ പറഞ്ഞു, ഇനി വണ്ടി അങ്ങോട്ട് പോവില്ല, നടക്കണം എന്ന്...

അവള്‍ ഇറങ്ങി കൂടെ ഞാനും വണ്ടി സൈഡ് ആക്കി അവളുടെ പിന്നാലെ നടന്നു കുറച്ച് ദൂരം കഴിഞ്ഞപ്പോള്‍ ഒരു പൊട്ടിപ്പൊളിയാറായ ഒരു ഓടിട്ട വീട്, അവള്‍ എന്നെ അകത്തേക്ക് ക്ഷണിച്ചു, കഷ്ടിച്ച് 2 മുറികളും ഒരു അടുക്കളയും മാത്രം ഉള്ള ഒരു വീട്, അവള്‍ ഒരു റൂമിലേക്ക് ചൂണ്ടിക്കാണിച്ചു കൊണ്ട് പറഞ്ഞു, അതാണ് ഉമ്മ.. ഒരു കാല്‍ മുറിഞ്ഞു പൊട്ടിയിട്ടാണ് ഉള്ളത്, ഞാന്‍ ആ ഉമ്മയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു,

അവര്‍ക്ക് 3 പെണ്മക്കള്‍ ആണ് മൂത്തത് ശബാന 10 ക്ലാസ് വരെ പഠിച്ചിട്ടുള്ളൂ, രണ്ടാമത്തെ കുട്ടി 5 ലും മൂന്നാമത്തെ കുട്ടി 3 ലും പഠിക്കുകയാണ്, 4 വര്ഷം മുമ്പ് നടന്ന ഒരു വാഹനാപകടത്തില്‍ അവരുടെ ഭര്‍ത്താവ് മരിച്ചു, പിന്നെ വീട്ട് ജോലി ചെയ്താണ് മക്കളെ പഠിപ്പിച്ചത്, എങ്ങനെയോ കഷ്ടപ്പെട്ട് മകളെ 10 വരെ പഠിപ്പിച്ചു, അവള്‍ തന്നെ ഉമ്മയുടെ കഷ്ടപ്പാട് കണ്ട് പഠനം മതിയാക്കി ഇളയ കുട്ടികളെ നോക്കി വീട്ടില്‍ നിന്നു ഉമ്മ ജോലിക്ക് പോകുമ്പോള്‍ അവള്‍ മറ്റു 2 കുട്ടികളെയും ഒരുക്കി സ്കൂളില്‍ അയക്കും, ഇപ്പൊ 2 മാസം മുമ്പ് വിറക് കീറുമ്പോള്‍ മഴു തെന്നി കാലില്‍ കൊണ്ട്, അന്ന് കാര്യമാക്കാതെ സ്വയം ചികിത്സിച്ചു, ഇപ്പൊ അതു പഴുത്ത് അനക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ആണ്, 2 ആഴ്ച മുമ്പ് ഡോക്ടറെ കാണിച്ചപ്പോള്‍ ചെറിയ ഓപറേഷന്‍ വേണ്ടി വരും എന്ന് പറഞ്ഞു അതിന് 25000 രൂപ ചെലവ് വരും, ഒരു വീട് പോലും ഇല്ലാത്ത ഞങ്ങള്‍ക്കൊക്കെ ആരാ ഇത്രയും വലിയ സംഖ്യ കടം തരുന്നത്, അതുകൊണ്ടാണ് മോള് കഴിഞ്ഞ 2 ആഴ്ചയായി വെള്ളിയഴ്ച്ചകളില്‍ പള്ളിയില്‍ പോയി യാചിക്കുന്നത്‌, എന്നും പറഞ്ഞു അവര്‍ പൊട്ടി കരഞ്ഞു....

ഞാന്‍ അവരെ സമാദാനിപ്പിച്ചു കൊണ്ട് പറഞ്ഞു, ഇനി ആരും പൈസക്ക് വേണ്ടി പുറത്തു പോവണ്ട, ഞാന്‍ പൈസ തരാം , നാളെത്തന്നെ ഹോസ്പിറ്റലില്‍ പോവണം എന്ന് പറഞ്ഞു ഞാന്‍ അവിടുന്ന് മടങ്ങി,
പിന്നെ ഒരു മാസത്തിനു ശേഷം ഉമ്മയുടെ അസുഖം മാറി, അങ്ങനെ ഒരു ദിവസം ഞാന്‍ അവരുടെ വീട്ടില്‍ പോയി, അങ്ങനെ സംസാരിക്കുന്ന കൂട്ടത്തില്‍ മകളുടെ കല്യാണ കാര്യവും പണമില്ലാത്ത അവസ്ഥയും ഒക്കെ പറഞ്ഞു, അപ്പൊ ഞാന്‍ അവരോട് എനിക്ക് നിങ്ങളുടെ മോളെ തരുമോ എന്ന് അവരുടെ സന്തോഷത്തിന് അതിരില്ലായിരുന്നു, മോനെ പടച്ചോന്‍ അനുഗ്രഹിക്കും എന്ന് പറഞ്ഞു ഒരുപാട് കരഞ്ഞു,

അങ്ങനെ ഞങ്ങളുടെ വിവാഹം ആര്‍ഭാടം ഒന്നും ഇല്ലാതെ നടന്നു,
എന്റെയും അവളുടെയും സന്തോഷത്തിന്റെ ദിനങ്ങള്‍ ആയിരുന്നു, അവളുടെ കുടുംബത്തിനും,
വിരുന്നും മറ്റുമായി ദിവസങ്ങള്‍ പോയി, അവള്‍ ഉമ്മയും ഞാന്‍ ഉപ്പയും ആകാനുള്ള തയ്യാറെടുപ്പിലും സന്തോഷത്തിലും ആയിരുന്നു,

ഒമ്പതാം മാസം ആയി, ഒരു ദിവസം പെട്ടെന്ന് അവള്‍ക്കൊരു വേദന വന്നു, ഞങ്ങള്‍ പെട്ടെന്ന് തന്നെ ഹോസ്പിറ്റലില്‍ എത്തി, അവളെക്കാള്‍ വേദന എനിക്കായിരുന്നു, ഞാന്‍ ഹോസ്പിറ്റല്‍ വരാന്തയിലൂടെ സമാദാനം നഷ്ടപ്പെട്ടു കൊണ്ട് നടന്നു,

ഏതാണ്ട് 4 മണിക്കൂറിനു ശേഷം ഒരു നേഴ്സ് വന്നു ശബാനയുടെ ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചു ഞാന്‍ ഓടി അവരുടെ അടുത്തെത്തി,
ശബാന പ്രസവിച്ചു, പെണ്‍കുട്ടിയാ നേഴ്സ് പറഞ്ഞു...

ഞാന്‍ കുഞ്ഞിനെ എന്‍റെ കൈകളില്‍ വാങ്ങി ചുംബിച്ചു, പക്ഷെ ഞങ്ങളെ ദുഖത്തിലാക്കി നേഴ്സ് ഒരു കാര്യം കൂടി അറിയിച്ചു, ശബാനയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല എന്ന്,

എന്‍റെ സമനില തെറ്റുന്നപോലെ എനിക്ക് തോന്നി, ഞാന്‍ കുട്ടിയെ അവളുടെ ഉമ്മയുടെ കയ്യില്‍ കൊടുത്തു ബെഞ്ചിന്റെ ഒരു മൂലയില്‍ ഇരുന്നു എന്നെ നിയന്ത്രിക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല.... എന്നെയും കുഞ്ഞിപ്പാത്തുവിനെയും തനിച്ചാക്കി അവള്‍ പോയി,...
-=============

ഉപ്പാ ഞാന്‍ കുപ്പായം ഇട്ടല്ലോ, ഇനി പോകാം....

കുഞ്ഞിപ്പാത്തുവിന്റെ ശബ്ദമാണ് എന്നെ പഴയ കാര്യങ്ങളില്‍ നിന്നും ഉണര്‍ത്തിയത്,

തിരിഞ്ഞു നോക്കി കുഞ്ഞിപ്പാത്തുവിനോട് വാ പോകാം എന്ന് ചിരി മുഖത്ത് വരുത്തി പറഞ്ഞെങ്കിലും കണ്ണ് ചതിച്ചു കളഞ്ഞു, കണ്ണുനീരിന്റെ രൂപത്തില്‍,

ഉപ്പ എന്തിനാ കരയണേ? ... കുഞ്ഞിപ്പാത്തൂനും കരച്ചില്‍ വരും...
ഒന്നും ഇല്ല, എന്നും പറഞ്ഞു കുഞ്ഞിപ്പാത്തുവിനെയും കൂട്ടി വീട്ടില്‍ നിന്നും ഇറങ്ങി...

പള്ളിക്കാട്ടിലേക്ക് കുഞ്ഞിപ്പാത്തുവിനെയും കൂട്ടിപ്പോകുമ്പോള്‍ അവള്‍ക്ക് സന്തോഷമാണെങ്കിലും എന്‍റെ ഉള്ള് നീറുകയായിരുന്നു....

(സഹദ്)

Featured post

എന്‍റെ ബീവി

കോലായിലിരുന്ന് പുറത്തേക്ക് നോക്കിയിരിക്കുമ്പോഴാണ് നമ്മുടെ കുഞ്ഞിപ്പാത്തു പുറകില്‍ വന്നു പുറത്തു ഒരൊറ്റ അടി.. ഉപ്പാ ഇന്നല്ലേ ഇങ്ങള് ഉമ്മാന...